Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിലെ ഒസിഐ കാർഡിൽ ആഫ്രിക്കൻ രാജ്യം: പണികിട്ടിയത് ഇന്ത്യൻ വംശജർക്ക്

ടിജി മറ്റം
swiss-passport

സൂറിക്∙ ഇന്ത്യൻ വംശജരായ സ്വിറ്റ്സർലൻഡുകാർ, ഇന്ത്യയിലെ ഇമിഗ്രെഷൻ കൗണ്ടറുകളിൽ തടഞ്ഞുവെക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നതായി പരാതി. ഒസിഐ രജിസ്‌ട്രേഷൻ സോഫ്റ്റ്‌വെയറിലെ തകരാറ് മൂലം, സ്വിറ്റ്സർലൻഡിന്റെ സ്ഥാനത്ത്‌ ആഫ്രിക്കൻ രാജ്യമായ സ്വാസിലാൻഡ് എന്ന് രേഖപ്പെടുത്തിയതാണ് ഇന്ത്യൻ എയർപോർട്ടുകളിൽ പ്രശ്‌നമുണ്ടാകുന്നത്.

സ്വിസ് പാസ്പോർട്ടുള്ളവരുടെ ഒസിഐ കാർഡിലും, പാസ്‌പോർട്ടിൽ പതിപ്പിച്ച ലൈഫ്‌ലോങ് വീസയിലെ ബാർകോഡിലും, നയതന്ത്രതലത്തിലെ സ്വിറ്റ്സർലൻഡിന്റെ ആംഗലേയ ചുരക്കമായ CHE എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇതിനു പകരം സ്വാസിലാൻഡിന്റെ ചുരുക്കമായ SWZ എന്ന് അടിച്ചുകിട്ടിയവരാണ്, ഇന്ത്യൻ ഇമിഗ്രെഷൻ അധികൃതരുടെ കാർക്കശ്യത്തിന് ഇരയാവുന്നത്.

OCI-Card-1

ഇടക്കാലത്തു ഒസിഐ ഓൺലൈൻ അപേക്ഷൾ പൂരിപ്പിക്കുമ്പോൾ, പട്ടികയിലുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നും അപേക്ഷകൻ തന്റെ രാജ്യം സ്വിറ്റ്സർലൻഡ് എന്ന് തിരഞ്ഞെടുത്താലും, വെബ്‌സൈറ്റ് അത് സ്വാസിലാൻഡ് എന്ന് സ്വമേധയാ തിരുത്തുകയായിരുന്നു. ഇതിന്റെ ചുരുക്കെഴുത്തായ SWZ ന് സ്വിറ്റ്സർലന്റുമായുള്ള സാദൃശ്യം മൂലം സ്വിസ് പ്രവാസികൾക്ക് വെബ്‌സൈറ്റിൽ സംഭവിക്കുന്ന പിഴവ് മനസ്സിലാകാതെയും പോയി. ഒസിഐ വെബ്‌സൈറ്റിലെ ഈ പിഴവ് പിന്നീട് തിരുത്തിയെങ്കിലും, പലരും തങ്ങളുടെ വീസയിലെയും, ഒസിഐ കാർഡിലെയും പിഴവിന്റെ കാഠിന്യം തിരിച്ചറിഞ്ഞത് ഇമിഗ്രെഷൻ അധികൃതരുടെ കയ്യിൽപ്പെടുമ്പോഴാണ്
.
ഒസിഐ നിയമാവലി പ്രകാരം തിരുത്തിക്കിട്ടാൻ വീണ്ടും ഓൺലൈൻ അപേക്ഷയും, നിശ്ചിത ഫീസും അടയ്‌ക്കേണ്ടതുണ്ട്. പ്രവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയുടെ മുന്നിലും എത്തി. ജേക്കബ് മാളിയേക്കൽ, ദീപ മേനോൻ, പയസ് പാലാത്രക്കടവിൽ, ടോം കുളങ്ങര എന്നിവരാണ് അംബാസഡറും മലയാളിയുമായ സിബി ജോർജിനോടും മറ്റു ഉദ്യാഗസ്ഥരോടും വിഷയം അവതരിപ്പിച്ചത്. പ്രശ്‌നത്തിൽ എല്ലാ സഹായവും ഉറപ്പുനൽകിയ അംബാസഡർ, തെറ്റായി രേഖപ്പെടുത്തിയ ഒസിഐ കാർഡുള്ള എല്ലാവരെയും കണ്ടെത്തി, ഒരുമിച്ചു വിദേശകാര്യ മന്ത്രാലയത്തിൽ പൊതു അപേക്ഷ നൽകി പ്രശ്‌നം പരിഹരിക്കാമെന്നാണ് നൽകിയ വാഗ്‌ദാനം. വിവിധ സംഘടനകളുടെയും, സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.