Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇയു ബ്ലുകാർഡ് വഴി ജർമ്മനിയിൽ വൻ ഇന്ത്യൻ കുടിയേറ്റം

ടിജി മറ്റം
Business & Europe

മ്യൂണിക്∙ ജർമനിയിലെ ഇന്ത്യക്കാരുടെ കണക്കിൽ വൻ വർദ്ധനവ്. ഇയു ബ്ലുകാർഡ് വഴി ജർമനിയിലേക്ക് കുടിയേറുന്ന നോൺ യൂറോപ്യൻ വിദഗ്ധ തൊഴിലാളികളിൽ നാലിൽ ഒന്നും ഇന്ത്യക്കാരാണെന്നും, ഇന്ത്യൻ പാസ്‌പോർട്ടുമായി ജർമനിയിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു ലക്ഷത്തോളമായെന്നും ജർമൻ ഫെഡറൽ ഡിപ്പാർട്മെന്റുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് ഡിപ്പാർട്ടമെന്റിന്റെ(BAMF) കണക്കുകൾ പ്രകാരം, പോയവർഷത്തെ ആദ്യ ആറു മാസക്കാലം ബ്ലുകാർഡ് വഴി എത്തിയ 11,023 പേരിലെ 22.8 ശതമാനവും ഇന്ത്യക്കാരാണ്. സെൻട്രൽ റജിസ്റ്റർ ഫോർ ഫോറിനേഴ്സ്(AZR) നൽകുന്ന കണക്കുകൾ അനുസരിച്ചു, 2016 അവസാനം  ഇന്ത്യൻ പാസ്പോർട്ടുള്ള 97,865 പേരാണ് ജർമനിയിൽ കഴിയുന്നത്. 2007 ൽ ഇത് 42495 മാത്രമായിരുന്നിടത്താണ്, ഒൻമ്പത് വർഷം കൊണ്ട് 55000 പേരുടെ വർധനവ്. ഇതിൽത്തന്നെ ഭൂരിഭാഗമാവട്ടെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലും.

ഇയു ബ്ലുകാർഡ് യൂറോപ്യൻ യൂണിയൻ 2013 ലാണ് നടപ്പാക്കിയത്. വിദഗ്ധ തൊഴിൽ മേഖലയിൽ യൂറോപ്യൻ യുണിയനുള്ളിൽ നിന്നും ആളെ കണ്ടെത്താനാവാതെ വരുമ്പോൾ, യുഎസ് ഗ്രീൻകാർഡ് മാതൃകയിൽ പുറമെനിന്നും ആളെ എടുക്കുന്ന രീതിയാണ് ഇത്. ഇതിന്റെ പ്രയോജനം ഏറ്റവും അധികം കിട്ടിയത് ഇന്ത്യക്കാർക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ കഴിഞ്ഞാൽ ചൈന, റഷ്യ, ഉക്രെയിൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബ്ലുകാർഡ് ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 2016 ൽ ഒട്ടാകെ 17362 പേരാണ് ബ്ലുകാർഡ് വഴി ജർമനിയിൽ എത്തിയത്.

ഗണിതശാസ്ത്രം, ഐടി, നാച്ചുറൽ സയൻസ്, മെഡിസിൻ, എൻജിനിയറിങ് മേഖലകളിലാണ് ഇയുബ്ലു കാർഡുകൾ കൂടുതലായും നൽകുന്നത്. 49600 യൂറോ വാർഷിക ശമ്പളവുമുള്ള ജോബ് ഓഫറും, മിനിമം ബിരുദം യോഗ്യതയുമുണ്ടെങ്കിൽ  ബ്ലൂ കാർഡിന് അപേക്ഷിക്കാം. ചില വിഭാഗങ്ങളിൽ ഇത് 38688 യൂറോ എന്ന് ഇളവുമുണ്ട്.

നാലു വർഷത്തേക്കാണ് തുടക്കത്തിൽ ബ്ലൂ കാർഡ് അനുവദിക്കുക. 33 മാസങ്ങൾക്ക് ശേഷം പെർമനന്റ് റെസിഡന്റ് പെർമിറ്റിന് അപേക്ഷിക്കാമെന്നാണ് ചട്ടം. ജർമനിയിലെ നിയമപ്രകാരം ബി 1 നിലവാരത്തിൽ ജർമ്മൻ ഭാഷ യോഗ്യത പരീക്ഷ പാസ്സാകുന്നവർക്ക്, 21 മാസം പൂർത്തിയാവുമ്പോൾ തന്നെ പെർമനന്റ് റെസിഡന്റ്ഷിപ്പിന് കൊടുക്കാവുന്നതാണ്. 28 ഇ യു രാജ്യങ്ങളിൽ ഡെൻമാർക്ക്‌, അയർലൻഡ്, യുകെ ഒഴികെയുള്ള രാജ്യങ്ങളെല്ലാം തന്നെ ബ്ലൂ കാർഡ് നൽകുന്നുണ്ടെങ്കിലും ഏറ്റവും അധികം കുടിയേറ്റം നടക്കുന്നത് ജർമനിയിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.