Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎഇ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഷെഫിനു താലിബാന്‍ നല്‍കിയത് 30000 ഡോളറും പാക്കിസ്ഥാനില്‍ ഒരു വീടും

Taliban

ന്യൂഡല്‍ഹി∙ യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലാന്‍ സയേദ് മെഹബൂബ് അഖ എന്ന ഷെഫിന് താലിബാന്‍ വാഗ്ദാനം ചെയ്തത് മുപ്പതിനായിരം ഡോളറും പാക്കിസ്ഥാനില്‍ ഒരു വീടും. ഇതില്‍ കുടുങ്ങിയ സയേദ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാിലുള്ള ഗസ്റ്റ്ഹൗസില്‍ ജനുവരിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ ആറ് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനും അമേരിക്കയും യുഎഇയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താലിബാന്‍ ഷെഫിനെ വിലയ്‌ക്കെടുത്ത രീതി പുറത്തുവന്നത്.

താലിബാന്‍ നേതാക്കളില്‍നിന്നു നിര്‍ദേശം സ്വീകരിക്കാനായി സയേദ് ആറു തവണ ക്വറ്റയും ബലൂചിസ്താനിലെ ചമാനും സന്ദര്‍ശിച്ചു. ഇയാളുടെ സഹപ്രവര്‍ത്തകരാണ് സ്‌ഫോടകവസ്തുക്കള്‍ ബ്രെഡ് ബാസ്‌കറ്റുകളില്‍ ഒളിപ്പിച്ച് ഗസ്റ്റ് ഹൗസില്‍ എത്തിച്ചത്. തുടര്‍ന്ന് സോഫയ്ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഒരു പദ്ധതിയുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാണ്ഡഹാറില്‍ എത്തിയിരുന്നത്. ആദ്യമായാണ് ഗള്‍ഫില്‍നിന്നുള്ള നയതന്ത്രപ്രതിനിധികളെ അഫ്ഗാനില്‍ ആക്രമിക്കുന്നത്. അഫ്ഗാനിലെ യുഎഇ അംബസാഡര്‍ മുഹമ്മദ് അബ്ദുള്ള അല്‍ കാബിയും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിലെ താലിബാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പൊലീസ് മേധാവി ജനറല്‍ അബ്ദുള്‍ റാസിഖ് മുറിയില്‍നിന്നു പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.