Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈ കൊക്ക കോളക്ക് ഇതെന്തു പറ്റി ?ന്യുട്ടല്ലയും ഒരുപോലല്ല

ടിജി മറ്റം
DEUTSCHLAND COCA-COLA

സൂറിക്∙തങ്ങളുടെ എല്ലാ പ്രൊഡക്ടിനും എല്ലായിടത്തും ഒരേ രുചിയും, നിലവാരവും ആണെന്നു കൊക്ക കോള, ന്യുട്ടല്ല, ബിഗ് മാക് തുടങ്ങിയ ആഗോള ഉൽപാദകർ പറയുമ്പോൾ, പുറം കാഴ്ചയിൽ എല്ലായിടത്തും ഒരേപോലെ ഇരിക്കുമെങ്കിലും, പല നാടുകളിൽ പല രുചിയും, നിലവാരവുമാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. യുഎസിലെ കൊക്ക കോളയുടെ രുചിയല്ല, ചെക്ക് റിപ്പബ്ലിക്കിൽ കിട്ടുന്നതിന്. ഇറ്റലിയിൽ കിട്ടുന്ന ന്യുട്ടല്ല പോലല്ല, ജർമനിയിൽ നിന്നും വാങ്ങുന്നത്. മാക് ഡൊണാൾഡ്സിന്റെ ബിഗ് മാകിനും ഓരോ രാജ്യത്തും രുചി വ്യത്യാസമുണ്ട്. എന്താണിങ്ങനെ? ഉൽപ്പാദകർ പറയുന്ന കാരണങ്ങൾ ഇങ്ങനൊക്കെ: 

കൊക്ക കോള:

ഒരു അമേരിക്കൻ ഉൽപ്പന്നമായ കൊക്ക കോളയുടെ ചേരുവ ഇന്നും പരമ രഹസ്യം. ഈ റസിപ്പിയുടെ അടിസ്ഥാനത്തിലാണ് ലോകത്തു എല്ലായിടത്തും ഇത് നിർമിക്കുന്നത്. കൊക്ക കോള കമ്പനിയുടെ ലൈസൻസ് എടുത്തിട്ടുള്ള അതാതു രാജ്യങ്ങളിലെ ഏജൻസികൾക്ക് സിറപ്പ് എത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഈ സിറപ്പിൽ കൊക്ക കോള പറയുന്ന അളവിൽ വെള്ളവും, പഞ്ചസാരയും മാത്രമാണ് പ്രാദേശികമായി ചേർക്കപ്പെടുന്നത്. പഞ്ചസാര വിവിധ രാജ്യങ്ങളിൽ കരിമ്പ്, മധുരക്കിഴങ്, പഴ സത്ത്‌ തുടങ്ങിയ വിവിധ ഘടകങ്ങളിൽ നിന്നാണ് നിർമ്മിക്കപ്പെടുന്നത്. വെള്ളവും, പഞ്ചസാര ചേരുവയും മാത്രമാണ് രുചി വ്യത്യാസത്തിന് കാരണം എന്ന് പറയുമ്പോഴും, യൂറോപ്പിൽ വെസ്റ്റും, ഈസ്റ്റും തമ്മിൽ രുചിയിൽ കാര്യമായ അന്തരം ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം.

സ്വന്തമായി കൊക്കക്കോള യൂണിറ്റുള്ള സ്വിറ്റ്സർലൻഡു പോലുള്ള രാജ്യത്തെ സൂപ്പർ മാർക്കറ്റ് ശൃംഖലകളും, വിലയിലെ വ്യത്യാസംമൂലം രാജ്യത്തു ഉൽപ്പാദിപ്പിക്കപ്പെടുന്ന കൊക്കക്കോള വാങ്ങാതെ, പോളണ്ട് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കൊക്കക്കോള കടകളിൽ വിൽപ്പനക്ക് വച്ചിരിക്കുമ്പോൾ ഒരു രാജ്യത്തു തന്നെ രണ്ടു രാജ്യങ്ങളിൽ നിന്നുള്ള കൊക്കകോളയുടെ രുചിവ്യത്യാസം വ്യത്യാസം വിലയിരുത്താൻ ഉപഭോക്താവിന് അവസരം നൽകുന്നു.

ന്യുട്ടല്ല

ഇറ്റാലിയൻ ഉൽപ്പന്നമായ ന്യുട്ടല്ലയുടെ രുചി വ്യത്യാസത്തെക്കാൾ അതിന്റെ അയവിലാണ് രാജ്യങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്. ഇറ്റലിയിലും, ഫ്രാൻസിലും കിട്ടുന്ന ന്യുട്ടല്ലയേക്കാൾ മുറുക്കമാണ് ജർമ്മനിയിൽ കിട്ടുന്ന ന്യുട്ടല്ലക്ക്. ഉൽപാദകരായ ഫെറോറോ പറയുന്നതനുസരിച്ചു ഇറ്റലിയിലും, ഫ്രാൻസിലും കൂടുതലായി മയമുള്ള വൈറ്റ് ബ്രെഡുകൾ ഉപയോഗിക്കുമ്പോൾ, ജർമനിയിൽ കുറേക്കൂടി ദൃഢമായ ബ്രൗൺ ബ്രെഡുകൾക്കാണ് പ്രാമുഖ്യം. അയവില്ലാത്ത ന്യുട്ടല്ല വൈറ്റ് ബ്രെഡിൽ പുരട്ടിയാൽ റൊട്ടി കീറും. ഇതാണ് വിവിധ രാജ്യങ്ങളിലെ ന്യുട്ടല്ലയുടെ അയവിലെ വ്യത്യാസത്തിന് കാരണം.

ബിഗ് മാക്:

ബിഗ് മാക് ചേരുവ ലോകത്തെവിടെയും ഒന്നുതന്നെ. ഹാംബർഗെർ ബ്രെഡിനുള്ളിൽ രണ്ട് അരച്ചയിറച്ചിയുടെ പീസ്, ചീസ്, സാലഡ്, കുക്കുമ്പർ,സോസ് എന്നിവ മാക് ഡൊണാൾഡ്‌സ് പറയുന്ന അളവിൽ ചേർക്കണം. ഇറച്ചി ഓവനിൽ വെച്ച് സംസ്‌കരിക്കുന്ന ഊഷ്‌മാവും എല്ലായിടത്തും ഒന്നുതന്നെ. ബിഗ് മാകിലെ ചേരുവകൾ അധികവും പ്രാദേശികമായി സ്വീകരിക്കാതെ നിവൃത്തി ഇല്ലാത്തതാണ് രുചി വ്യത്യാസത്തിന് കാരണമെന്നാണ് വാദം.

കാഡ്ബറി

ബ്രിട്ടീഷ് ഉൽപ്പന്നമായ കാഡ്ബറിയുടെ രുചി ബ്രിട്ടനിൽ കിട്ടുന്നതിൽ നിന്നും വ്യത്യസ്തമാണ് അമേരിക്കയിൽ കിട്ടുന്നതിനെന്നും, യു എസ്സിലെ കാഡ്ബറി നിർമാതാക്കളെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഓൺലൈൻ പെറ്റിഷനിൽ 40000 പേരാണ് ഒപ്പിട്ടത്. ഇങ്ങനെനോക്കുമ്പോൾ മുതലാളിത്ത രാജ്യങ്ങൾക്കിടയിൽ പോലും ഒരേ പ്രോഡക്ടിന് രുചി വ്യത്യാസമുണ്ടെന്ന യാഥാർഥ്യം ഒന്നുകൂടെ വ്യക്തമാകുന്നു. ഇതിന്റെ മറുവശം എന്തെന്നാൽ, യു എസ്സിൽ കാഡ്ബറിയുടെ നിർമാണത്തിനുള്ള ലൈസെൻസ് എടുത്തിരിക്കുന്നത്, യു എസ്സ് വിപണിയിൽ കാഡ്ബറിയുടെ എതിരാളി ചോക്ലേറ്റ് കമ്പനിയായ ഹെർഷെയ്‌സ് ആണെന്നതാണ്. കാഡ്ബറിയുടെ ഉൽപന്നത്തെ മനഃപൂർവം വിപണിയിൽ പിന്നിലാക്കാൻ എതിരാളികൾ ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നിരുന്നാലും മിൽക്ക് ചോക്ളേറ്റുകളിൽ ചേർക്കുന്ന കൊക്കോ, മിൽക്ക് ചേരുവകളുടെ അളവുകളിൽ വിവിധ രാജ്യങ്ങൾക്കിടയിൽ രാജ്യത്തെ നിയമം, കാലാവസ്ഥ തുടങ്ങിയതനുസരിച്ചു വ്യത്യാസമുണ്ട്.

ഉൽപ്പാദകർ രുചി വ്യത്യാസത്തിന് പല കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾ തൃപ്തരല്ല എന്നതാണ് വാസ്‌തവം. അടുത്തിടെ ഹങ്കറിയിലെ ഭക്ഷ്യസുരക്ഷാ ഡിപ്പാർട്ടമെന്റ് 24 ആഗോളബ്രാൻഡുകളുടെ രുചിവ്യത്യാസത്തിന്റെ പൊള്ളത്തരത്തെ പഠന റിപ്പോർട്ടിൽ പൊളിച്ചടുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.